ബഡ്സ് സ്കൂള്‍ പ്രവേശനോത്സവം
October 27, 2025
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് അവരെ ദേശീയ ധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ സമൂഹം തയ്യാറാകണമെന്ന് ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ ആവശ്യപ്പെട്ടു. ഏറാമല ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിറഞ്ഞ സാന്നിധ്യത്തിൽ ആയിരുന്നു പ്രവേശനോത്സവം. മധുര പലഹാരങ്ങളും ഭക്ഷണങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷമാക്കി.
ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി കെ അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൂസ എം, പ്രമോദ് ടി കെ ,ജനപ്രതിനിധികളായ രമ്യ കണ്ടിയിൽ, ഹസീന വി ,ബാങ്ക് സെക്രട്ടറി വിനോദൻ എന്നിവർ പ്രസംഗിച്ചു.
ഏറാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബാങ്ക് വകയായിട്ടുള്ള കിറ്റ് വിദ്യാർഥികൾക്ക് വിതരണം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഭവാനി സ്വാഗതവും ചിത്ര ടീച്ചർ നന്ദിയും പറഞ്ഞു